Chathur Mukham Manju Warrier Sunny Wayne Malayalam Movie Review & Rating:
Chathur Mukham Manju Warrier Sunny Wayne Malayalam Movie Review & Rating: മൊബൈൽ ഫോണ്‍ എന്ന ചതുരത്തിന്‍റെ, അതിനുള്ളിലെ അനന്തമായ സാധ്യതകളുടെ, ഊർജ്ജ നിക്ഷേപത്തിന്റെ, അതിലൂടെ നിർമ്മിക്കപ്പെടുന്ന നെറ്റവർക്കുകൾ സൃഷ്ടിക്കുന്ന നിഗൂഢതകളുടെ, വലിയൊരു സാധ്യതയായി ഈ സിനിമയെ കാണാം.
Chathur Mukham Manju Warrier Sunny Wayne Malayalam Movie Review & Rating: അതിനിഗൂഢമായ മിത്തുകളുടെ ധാരാളിത്തം കൊണ്ട് പ്രശസ്തങ്ങളാണ് ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളും. അങ്ങനെ മനുഷ്യനെയും പ്രകൃതിയേയും ജീവനെയും ചുറ്റി നിൽക്കുന്ന, ഭീതി നിറഞ്ഞ തോന്നലുകളിൽ നിന്നും രൂപം കൊള്ളുന്ന കഥകൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു. സിനിമയുടെ കാലമെത്തിയപ്പോൾ ഭീതിയുടെ ആഖ്യാനത്തിനും ആവിഷ്ക്കാരത്തിനുമുള്ള ശക്തമായ സാധ്യതകള്‍ തുറന്നു വന്നു. ഐതിഹ്യ കഥകളിൽ ഒതുങ്ങി നിന്ന മലയാള യക്ഷിക്കഥകൾ ‘ഭാർഗവീനിലയം’ മുതല്‍ മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
1950 കളിലാണ് ‘ടെക്‌നോ-ഹൊറർ’ എന്ന ഴാണറില്‍ സിനിമകൾ ഉണ്ടാകാൻ തുടങ്ങിയത്. അവയില്‍ പലതും സിനിമാ-നിരൂപക പ്രശംസ പിടിച്ചു പറ്റാത്ത പരാജയങ്ങളായി മാറി എന്നതാണ് യാഥാർത്ഥ്യം. ‘ദി ഡേ എർത്ത് സ്റ്റുഡ് സ്റ്റിൽ,’ ‘ഫോർബിഡൻ പ്ലാനറ്റ്’ എന്നിവ ആദ്യകാല ‘ടെക്‌നോ-ഹൊറർ’ സിനിമകളായി പരിഗണിക്കപ്പെടുന്നു. മലയാളത്തിലെ ആദ്യ ‘ടെക്‌നോ-ഹൊറർ’ സിനിമ എന്ന വിശേഷണവുമായാണ് ‘ചതുർ മുഖം എത്തുന്നത്.
മാന്ത്രികത എന്നത് മനുഷ്യനെ ചുറ്റി നിൽക്കുന്ന ഒരു നിഗൂഢ സങ്കല്പമാണ്. ഇന്ത്യൻ തത്വശാസ്ത്രമനുസരിച്ചുള്ള താന്ത്രിക സാധ്യതകൾ സ്ത്രീ കേന്ദ്രീകൃതങ്ങളാണ്. മാന്ത്രിക സാധനകൾ അക്കാലത്തൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത് ചിത്രങ്ങളിലാണ്. ചിത്രങ്ങൾക്ക് ഊർജ്ജം ഉണ്ടെന്ന വിശ്വാസത്തിന്‍റെ പുറത്തായിരുന്നു ഈ സങ്കല്പം.
‘ചതുർ മുഖം’ ഈ കാലഘട്ടത്തിന്റെ പരിണാമമായി കാണാം. മൊബൈൽ ഫോണ്‍ എന്ന ചതുരത്തിന്‍റെ, അതിനുള്ളിലെ അനന്തമായ സാധ്യതകളുടെ, ഊർജ്ജ നിക്ഷേപത്തിന്റെ, അതിലൂടെ നിർമ്മിക്കപ്പെടുന്ന നെറ്റവർക്കുകൾ സൃഷ്ടിക്കുന്ന നിഗൂഢതകളുടെ, വലിയൊരു സാധ്യതയായി ഈ സിനിമയെ കാണാം. ‘ചതുർ മുഖ’ത്തിലെ തേജസ്വിനിയുടെ (മഞ്ജു വാര്യര്‍) ലോകം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും സമകാലീനമായ ഒന്നാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന, അവിടെ തന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ. അതിൽ നിന്നും സെൽഫിയുടെ അനന്തമായ സാധ്യതകളിലേക്ക് കഥ വികസിക്കുകയാണ്.
ലോകം മാറിയത് സാങ്കേതികമായി പഴയ പല സങ്കല്പങ്ങളെയും മാറ്റി മറിക്കുന്നു. തൊണ്ണൂറുകളുടെ ഒടുവിലാണ് പകുതി മനുഷ്യനായും പകുതി യന്ത്രമായുമുള്ള മനുഷ്യന്‍റെ ജീവിതം ആരംഭിക്കുന്നത്. ഹോളിവുഡിൽ ‘ദി റിംഗ്’ എന്ന സിനിമ ടെലിവിഷൻ എന്ന മാധ്യമത്തിന്‍റെ സാധ്യതകൾ ഉപയോഗിച്ച് നിർമിച്ച ഭീതിയെ നമുക്ക് ഇതിലേക്ക് കൂട്ടിച്ചേർത്തു കാണാം. മനോജ് നൈറ്റ് ശ്യാമളന്‍റെ ചില സിനിമകളിലും സമാനമായ അനുഭവമുണ്ട്.
കോവിഡ് കാലം പുതിയ തരത്തിലുള്ള ആശയങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങുന്നതിന്‍റെ ഫലമായി ഭയത്തിന് പുതിയ സാധ്യതകൾ കൈവരുകയാണ്.
ഇതിനു മുൻപ് ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല എന്ന മട്ടിൽ അസാധാരണമായ ഒരു അനുഭവം. ഭയത്തിന്‍റെ വ്യത്യസ്തമായ തലം അതിലേക്ക് അതു കടന്നു കയറുന്നു. മനുഷ്യൻ കൂടുതൽ ഒറ്റപ്പെടുമ്പോൾ അവനെ ചുറ്റിയുള്ള നിഗൂഢത വർധിക്കുകയാണ്, അതു തന്നെയാണ് ‘ചതുർ മുഖ’ത്തിന്റെ ആരൂഡവും. തെരുവുകൾ ശൂന്യമാകുന്നതും, നിഗൂഢമായ പലതും തങ്ങളെ പിന്തുടരുന്നതും, ആ അനുഭവത്തിന്‍റെ ഫലമായി മുറികളിൽ അടച്ചിരിക്കുന്ന മനുഷ്യർ മറ്റൊരു ലോകത്തെ അനുഭവിക്കുകയും ചെയ്യുന്നു. ഇന്നലെ ഓരോർമ്മയും ഇന്ന് മറ്റൊരു യാഥാർഥ്യവുമാകുന്ന നിലയിൽ സകലതും മാറുന്നു.
ഇന്റർനെറ്റിൽ ആരോ അപ്‌ലോഡ് ചെയ്യുന്ന ചെറിയ വീഡിയോകളുടെ ലോകത്താണ് മിക്കവരും. അതിൽ ശരീരവും മനസ്സും വ്യത്യസ്തമായ ഘടകമായി മാറുന്നുണ്ട്. എല്ലാത്തിനും കേന്ദ്രമായ ഊർജ്ജത്തെയാണ് നിഗൂഢമായ ഒന്നായി കണക്കാക്കാൻ കഴിയുക.
നിശ്ചലത നിർമിക്കുന്നത് കടുത്ത നിശ്ശബ്ദതയെയാണ്. അതിന്റെ ദീർഘമായ ശൂന്യതയിൽ നിന്നും ഭയം രൂപപ്പെടുന്നു. ലോകത്തിലെ പ്രധാന ചത്വരങ്ങളിൽ രൂപപ്പെടുന്ന നിസ്സംഗമായ ഈ ശൂന്യത അതിസൂക്ഷ്മവും സങ്കീർണവുമായ ചിന്തകളുടെ പരിണിതഫലമാണ്. അതിന് പഴയകാല ദേശ ഭൂപടങ്ങൾ ആവശ്യമില്ല. അതിന്റെ അതിരുകൾ കൂടുതൽ വികസിക്കുകയാണ് ചെയ്യുന്നത്. മനഃശാസ്ത്രപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന സിനിമയാണ് ‘ചതുർ മുഖം.’
തേജസ്വിനിയായി മഞ്ജു വാര്യർ തകർത്തഭിനയിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.സണ്ണി വെയ്നും അസാമാന്യമായ പ്രകടനം കാഴ്ചവയ്ക്കുന്നു. സണ്ണി വെയിന്റെ കരിയറില്‍ ആന്റണി പുതിയൊരു വഴി തുറക്കും എന്നതില്‍ സംശയമില്ല. അലന്‍സിയറും ശ്രീകാന്ത് മുരളിയും തങ്ങളുടെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് വേറിട്ട് നില്‍ക്കുന്നു. രഞ്ജിത്ത് കമലാശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രചന അഭയകുമാര്‍ കെയും അനില്‍ കുര്യനുമാണ്. പ്രമേയത്തിന്‍റെ വ്യത്യസ്തതയും അത് കൈകാര്യം ചെയ്ത രീതിയും ചിത്രത്തിന് കൂടുതല്‍ കരുത്തു പകരുന്നു. ഹൊറര്‍ സിനിമകളെ സംബന്ധിച്ച് അതിലെ ഉദ്വേഗം നിറഞ്ഞ സന്ദര്‍ഭങ്ങളെ, അതിന്‍റെ സൂക്ഷ്മതകള്‍ ചോരാതെ പകര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ അനായാസം മറികടക്കാന്‍ ക്യാമറമാന്‍ അഭിനന്ദന്‍ രാമാനുജത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമാറ്റോഗ്രാഫിയും ശബ്ദമിശ്രണവും കാഴ്ചക്കാരനെ പ്രമേയമെന്ന പോലെ സ്വാധീനിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
ടെക്നോളജിയുടെ സാധ്യത പറയുമ്പോഴും ഇതെല്ലാം ഉള്‍ക്കൊള്ളുന്ന മനസ്സിന്‍റെ കളികളെയാണ് ചിത്രം യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നത്.
‘ഡ്രാക്കുള’ പോലും പ്രതിനിധീകരിക്കുന്നത് മറ്റൊരു ബിംബത്തെയാണല്ലോ. വ്യാവസായിക വിപ്ലവകാലത്തെ മുതലാളിത്തത്തിന്‍റെ ബിംബമായാണ് നിരൂപകര്‍ക്കിടയില്‍ ബ്രോം സ്റ്റോക്കറുടെ കൃതി വിലയിരുത്തപ്പെടുന്നത്. അതു തന്നെ ഇവിടെയും ബാധകമാകുന്നു. അമാനുഷിക പരിവേഷങ്ങള്‍ക്കും അപ്പുറം ‘ചതുര്‍ മുഖം’ കഥ പറയുമ്പോള്‍ അത് ചരിത്രത്തിന്‍റെ ഭാഗമാകാതെ വയ്യ.
വിഷു ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായ ഒരു തീം കൈകാര്യം ചെയ്യുന്നതിനാല്‍ പ്രേക്ഷക-നിരൂപക ശ്രദ്ധയ്ക്കുപരി അര്‍ത്ഥവത്തായ ചര്‍ച്ചകളിലേക്കും ഈ സിനിമ മലയാള സിനിമാ ആസ്വാദക ലോകത്തെ നയിക്കും എന്നുള്ളത് തീര്‍ച്ചയാണ്. മലയാള ഹൊറര്‍ സിനിമകളുടെ ലോകത്ത് ഈ ചലച്ചിത്രം വേറിട്ട വിജയം നേടുക തന്നെ ചെയ്യും എന്ന് കരുതാം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook