പാറ്റ്ന: 263 കോടി മുടക്കി 8 വര്‍ഷം കൊണ്ട് പണിത പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നു…
ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ ഗണ്ഡക് നദിക്കു കുറുകെ നിര്‍മിച്ച സത്തർ ഘാട്ട് പാലമാണ് ഉദ്ഘാടനം കഴിഞ്ഞ് 29 ദിവസത്തിനക൦ തകര്‍ന്നു വീണത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് പാലം ഉദ്ഘാടനം ചെയ്തത്.
1.4 കിലോമീറ്റര്‍ നീളമുള്ള പാലം ഗോപാല്‍ഗഞ്ച് – ഈസ്റ്റ് ചമ്പാരന്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ജൂണ്‍ 16നാണ് 1.4 കിമീറ്റര്‍ നീളുള്ള പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സത്തര്‍ ഘാട്ട് പാലത്തിന്‍റെ ഒരു ഭാഗം മുഴുവനായും തകര്‍ന്നടിയുകയായിരുന്നു.
ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം നദിയിലെ ജലനിരപ്പ് വര്‍ദ്ധിച്ചപ്പോള്‍ പാലവുമായി റോഡിനെ ബന്ധിപ്പിക്കുന്ന കല്ലുകള്‍ക്ക് സമ്മര്‍ദ്ദം നേരിടാന്‍ കഴിയാതെ വന്നതാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 263 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ഈ പാലം. അതേസമയം, നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
“263 കോടി രൂപ ചെലവില്‍ എട്ട് വര്‍ഷം കൊണ്ട് പണിത പാലം വെറും 29 ദിവസം കൊണ്ടാണ് തകര്‍ന്നത്. അഴിമതിയുടെ ഭീഷ്മാചാര്യനായ നിതീഷ്‌കുമാര്‍ ഇതേ കുറിച്ച് ഒരുവാക്ക് പോലും ഉച്ചരിക്കില്ല. ബീഹാറിലെങ്ങും കൊള്ളയടി മാത്രമാണ്.” RJD നേതാവ് തേജസ്വി യാദവ് ആരോപിച്ചു. നിതീഷ്‌കുമാറിന്‍റെ ഭരണത്തിനു കീഴില്‍ പാലങ്ങള്‍ തകരുന്നത് നിത്യ സംഭവമായിരിക്കുകയാണ് എന്നും തേജസ്വി യാദവ് പറഞ്ഞു.
പാലം പണി പൂര്‍ത്തിയാവുന്നതിനു മുമ്പാണോ രാഷ്ട്രീയ ലാഭത്തിനായി അദ്ദേഹം പാലം ഉദ്ഘാടനം ചെയ്തതതെന്ന് ചോദിച്ച തേജസ്വി യാദവ് നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
പൊളിഞ്ഞ പാലത്തിന്‍റെ ദൃശ്യങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമത്തില്‍ പരക്കുന്ന ഈ സാഹചര്യത്തിലും പാലത്തിന് ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ല എന്നാണ് ബീഹാര്‍ സര്‍ക്കാര്‍ പറയുന്നത്. തകര്‍ന്നത് അതിനടുത്തുള്ള ഏതോ സ്ലാബാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്…!!